
ഒന്നാം നമ്പർ മുഖ്യമന്ത്രി; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി; ഷാജ് കിരണിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്
June 10, 2022മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ച് ഷാജ് കിരൺ വെളിപ്പെടുത്തിയതായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരുടെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാൾ പലതിന്റെയും ബെനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടർ ബോർഡിൽ ഷാജുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഷാജ് കിരൺ ഡയറക്ടറായിരിക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങളും സ്വപ്‌ന മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തി. അയാൾ ബിനാമിയാണെന്നും ഫണ്ടുകൾ വിദേശരാജ്യങ്ങളിലേക്കാണ് പോകുന്നത് എന്നും രേഖകളിൽ നിന്നും വ്യക്തമാണെന്നും സ്വപ്‌ന പറഞ്ഞു. തന്നെ കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് ഷാജ് കിരൺ പറഞ്ഞുവെന്നും അതിനാലാണ് താൻ എല്ലാവരെയും തള്ളിപ്പറഞ്ഞത് എന്നും സ്വപ്‌ന വെളിപ്പെടുത്തി.
അതേസമയം, രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന സ്വപ്നയുടെ ആരോപണം ഷാജ് കിരൺ നിഷേധിച്ചിരുന്നു. ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ വ്യക്തമാക്കിയിരുന്നു.