ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പ്; പട്ടാപ്പകൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് 50 പവനോളം സ്വർണവും ഒന്നര ലക്ഷം രൂപയും

ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പ്; പട്ടാപ്പകൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് 50 പവനോളം സ്വർണവും ഒന്നര ലക്ഷം രൂപയും

June 10, 2022 0 By Editor

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. റെയിൽവേ ജീവനക്കാരനായ മൗലാലി ഹബീബുൽ ഷെയ്ഖ് (36) ആണ് പിടിയിലായത്. ഇയാളെ ഗോവയിൽ നിന്നാണ് പിടികൂടിയത്. സംഘത്തിലെ മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.

ഗോവയിലെ വാസ്‌കോയിൽ നിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇയാൾ അടങ്ങുന്ന സംഘം ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് 50 പവനോളം സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് ആലുവയിലെ വീട്ടിൽ നിന്ന് കവർന്നത്.ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരന്റെ വീട്ടിൽ നിന്ന് ഉച്ചയ്ക്കാണ് നാലംഗ സംഘം 37.5 പവൻ സ്വർണവും 1,80,000 രൂപയും കവർന്നത്.

സംഘം മൊബൈൽ ഫോണിലെ തിരിച്ചറിൽ കാർഡ് കാണിച്ചാണ് വീട്ടിൽ കയറിപ്പറ്റിയത്. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്ജയിനെ കൊണ്ട് ഒപ്പിടിപ്പിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി.

നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസ്സിലായ ഉടൻ സഞ്ജയ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.