വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്; കുട്ടികളോട് ദേഷ്യമില്ല: രാഹുൽ
വയനാട്: എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത് തന്റെ ഓഫീസല്ലെന്നും വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണെന്നും രാഹുൽ ഗാന്ധി. ആക്രമണം നടന്ന കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം നടത്തിയ കുട്ടികളോട് തനിക്ക് ദേഷ്യമില്ല. തങ്ങളുടെ പ്രവർത്തിയുടെ ഭവിഷത്തുകളെക്കുറിച്ച് അറിയാതെയാണ് അവർ പ്രവർത്തിച്ചത്. സംഭവം നടക്കാൻ പാടില്ലായിരുന്നു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്യം മുഴുവൻ നടക്കുന്നതിതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴവൻ ബിജെപിയും ആർഎസ്എസും വിദ്വേഷം സൃഷ്ടിക്കുകയാണ്. ബിജെപി നേതാവ് നുപൂർ ശർമ മാത്രമല്ല വിദ്വേഷ പ്രസംഗത്തിൽ കുറ്റക്കാരി. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.