ഇനി സ്പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാം
സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി സ്പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാം. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെയാണ് അനുമതി. ഗാര്‍ഹികതൊഴിലാളി നിയമത്തില്‍ അടുത്തിടെ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായി നാല് നിശ്ചിത കാരണങ്ങളിലൊന്നുണ്ടെങ്കില്‍ ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ ആരംഭിക്കാം.
ജൂണ്‍ 28ന് (ദുല്‍ഖഅദ് 29) മന്ത്രാലയം പുറപ്പെടുവിച്ച 212875-ാം നമ്പര്‍ സര്‍ക്കുലറിലാണ് ഫൈനല്‍ എക്സിറ്റിനുള്ള വ്യവസ്ഥകളെ കുറിച്ച് സൂചിപ്പിക്കുന്നത്. നിശ്ചിത കാരണങ്ങളുണ്ടെങ്കില്‍ മറ്റൊരു തൊഴില്ദാതാവിന്റ പേരിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനല്‍ എക്സിറ്റിനുള്ള അനുമതിയും.
നിശ്ചിത കാരണങ്ങള്‍:
1. ഗാര്‍ഹിക തൊഴിലാളിയുടെ പരാതിയെ തുടര്‍ന്ന് ലേബര്‍ ഓഫിസ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ അവസാനിപ്പിച്ചാല്‍.
2. തൊഴിലാളിയുടെ എംബസിയില്‍നിന്നുള്ള കത്ത് ഹാജരാക്കിയാല്‍.
3. തൊഴിലുടമ മരിച്ചാല്‍. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്പോണ്‍സര്‍ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം)
4. തൊഴില്‍ തര്‍ക്ക കേസില്‍ പൊലീസില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴില്‍ കോടതിയില്‍ ഹാജരാവാതിരുന്നാല്‍
കാരണം പരിശോധിച്ച് ലേബര്‍ ഓഫിസാണ് ഫൈനല്‍ എക്സിറ്റിന് തൊഴിലാളിക്ക് അര്‍ഹതയുണ്ടോ എന്ന് തീരുമാനിക്കുക. അനുകൂലമായാല്‍ അവിടെനിന്ന് ലഭിക്കുന്ന രേഖയുമായി പാസ്പോര്‍ട്ട് (ജവാസത്ത്) ഓഫീസിനെ സമീപിച്ച് എക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനാവും.
ഗാര്‍ഹികതൊഴില്‍ നിയമപരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിലെ വിശദാംശങ്ങള്‍ അറിയാന്‍ ജുബൈലിലെ അല്‍ജുഐമ ഗാര്‍ഹിക തൊഴില്‍ വിഭാഗം ഓഫീസറെ സമീപിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണിതെന്നും തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണെന്നും പ്രവാസി സംസ്കാരിക വേദി പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസിക്ക് കീഴിലെ സന്നദ്ധ പ്രവര്‍ത്തകനുമായ സൈഫുദ്ദീന്‍ പൊറ്റശ്ശേരി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
13 വ്യവസ്ഥകളാണ് തൊഴിലുടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴില്ദാതാവിന്റ പേരിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സര്‍ക്കുലറില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക വിസയില്‍ സൗദിയിലുള്ള മുഴുവന്‍ വിദേശി പുരുഷ, വനിതാ തൊഴിലാളികള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്.