ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ചാവേറാക്രമണം; 3 സൈനികർക്ക് വീരമൃത്യു
കശ്മീര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക ക്യാപിനു നേരെ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഇവിടെ സൈനിക നടപടി തുടരുകയാണെന്നാണ് വിവരം. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ബഡ്ഗാമിൽ മൂന്നു ലഷ്കർ ഇ തൊയ്ബ ഭീകരരെ രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഖാൻസാഹിബ് മേഖലയിൽ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഇവിടം വളഞ്ഞതോടെയായിരുന്നു ഏറ്റുമുട്ടൽ. കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ട്, അമ്രീൻ ഭട്ട് എന്നിവരടക്കം നിരവധി നാട്ടുകാരെ വധിച്ച കൊടുംഭീകരൻ ലത്തീഫ് റാത്തറെയുൾപ്പെടെയാണ് രക്ഷാസേന വധിച്ചതെന്നു കശ്മീർ ഐജി വിജയ്കുമാർ. ഇവരിൽ നിന്നു വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
കഴിഞ്ഞ മേയിലാണു റവന്യൂ വകുപ്പിൽ ജീവനക്കാരനായിരുന്ന രാഹുൽ ഭട്ടിനെ ഓഫിസിനുള്ളിൽ അതിക്രമിച്ചു കയറിയ ഭീകരർ വെടിവച്ചുകൊന്നത്. ഇതോടെ, ആശങ്കയിലായ കശ്മീരി പണ്ഡിറ്റുകൾ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ കശ്മീരി ടിവി താരം അമ്രീൻ ഭട്ടിനെ ബഡ്ഗാമിലെ ചഡൂരയിൽ ഭീകരർ വധിച്ചു. പിന്നാലെ കശ്മീരിലെ ന്യൂനപക്ഷങ്ങൾക്കും ഇതരസംസ്ഥാനക്കാർക്കുമെതിരേ ആക്രമണങ്ങളുണ്ടായി. രാഹുൽ ഭട്ടിനെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടു ഭീകരരെ രക്ഷാസേന നേരത്തേ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടൽ തുടരുകയാണ്.