വെറും 100 രൂപയുടെ പേടിഎം ഇടപാടിന്റെ ചുവടുപിടിച്ച് പോലീസ് തെളിയിച്ചത് ആറു കോടി രൂപയുടെ വൻ കൊള്ള

വെറും 100 രൂപയുടെ പ‌േടിഎം ഇടപാടിന്റെ ചുവടുപിടിച്ച് പൊലീസ് തെളിയിച്ചത് ആറു കോടി രൂപയുടെ വൻ കൊള്ള. ഡൽഹിയിലെ പഹർഗഞ്ചിൽ കഴിഞ്ഞ ദിവസം ആറു കോടി രൂപ…

വെറും 100 രൂപയുടെ പ‌േടിഎം ഇടപാടിന്റെ ചുവടുപിടിച്ച് പൊലീസ് തെളിയിച്ചത് ആറു കോടി രൂപയുടെ വൻ കൊള്ള. ഡൽഹിയിലെ പഹർഗഞ്ചിൽ കഴിഞ്ഞ ദിവസം ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന പ്രതികളെയാണ് 100 രൂപയുടെ പേടിഎം ഇടപാട് മുൻനിർത്തി പൊലീസ് വെളിച്ചത്തു കൊണ്ടുവന്നത്. കൊള്ള നടത്തിയ സംഘത്തിലെ മൂന്നു പേരെ രാജസ്ഥാനിൽനിന്ന് പിടികൂടുകയും ചെയ്തു.

ഡൽഹിയിൽവച്ച് പാർസൽ ജീവനക്കാരായ രണ്ടു പേരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് നാൽവർ സംഘം ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നാഗേഷ് കുമാർ (28), ശിവം (23), മനീഷ് കുമാർ (22) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ഇവരെല്ലാം നജഫ്ഗഢ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

പുറത്തുവന്ന വിഡിയോയിൽ പൊലീസ് യൂണിഫോം അണിഞ്ഞ ഒരാളുൾപ്പെടെ നാലു പേർ ചേർന്നാണ് കൊള്ള നടത്തുന്നത്. ഇവർ വഴിയരികിൽവച്ച് രണ്ടുപേരെ തടഞ്ഞുനിർത്തുന്നത് വിഡിയോയിൽ കാണാം. തുടർന്ന് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഇവർ ആഭരണങ്ങളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസിന് ബുധനാഴ്ച തന്നെ വിവരം ലഭിച്ചിരുന്നു. ചണ്ഡിഗഡിലെ ഒരു പാഴ്സൽ കമ്പനിയിൽ ജോലി ചെയ്യുന്ന സോമവീറാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബുധനാഴ്ച പുലർച്ചെ 4.15ഓടെ സഹപ്രവർത്തകനായ ജഗ്ദീപ് സെയ്നിക്കൊപ്പം ഓഫിസിലെത്തി പാർസൽ വാങ്ങി നടക്കുമ്പോഴാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ ഒരാളടക്കം രണ്ടു പേർ വഴിയിൽ നിൽപ്പുണ്ടായിരുന്നു. ഇവർ ബാഗ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് അവിടേക്കെത്തിയ രണ്ടു പേരാണ് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നത്. ബാഗ് നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ 700 സിസിടിവികളിലെ ഏഴു ദിവസത്തെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. പ്രാദേശിക ഇന്റലിജൻസിൽ നിന്നും പൊലീസ് സംഘം വിവരം ശേഖരിച്ചു. ദൃശ്യങ്ങളി‍ൽ കണ്ട നാലംഗ സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത തോന്നിയതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

ഇതിനിടെ, ഈ നാൽവർ സംഘം ഒരു ടാക്സി ഡ്രൈവറുമായി സംസാരിക്കുന്നതും അദ്ദേഹം അവർക്കു ചായ വാങ്ങിക്കൊടുക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. അതിനു പ്രതിഫലമായി സംഘത്തിലെ ഒരാൾ 100 രൂപ പേടിഎമ്മിലൂടെ അയച്ചു കൊടുത്തതായും പൊലീസ് കണ്ടെത്തി. ഈ പേടിഎം ഇടപാടു പരിശോധിച്ചാണ് പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തിയത്. അക്രമികൾ രാജസ്ഥാനിലേക്കു കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ജയ്പുരിലെത്തി. തുടർന്നാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് 6,270 ഗ്രാം സ്വർണവും, മൂന്നു കിലോഗ്രാം വെള്ളിയും ഐഐഎഫ്എലിൽ നിക്ഷേപിച്ചിരുന്ന 500 ഗ്രാം സ്വർണവും 106 ഡയമണ്ടുകളും മറ്റ് ഡയമണ്ട് ആഭരണങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആറു കോടിയോളം രൂപ വിലമതിക്കുന്നതാണ് ഇവ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story