നെയ്യാറ്റിന്‍കരയില്‍ 8 വയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 8 വയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര തൊഴുക്കല്ലിലാണ് സംഭവം. തിരവോണദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കുട്ടിയുടെ ഇളയച്ഛന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി മദ്യം കുടുപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ നവമാധ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്. പിന്നാലെ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുവോണ ദിവസം ബിയര്‍ വാങ്ങാന്‍ ബെവ്‌കോയിലേക്ക് ഇയാള്‍ കുട്ടിയെ പോകുകയും പിന്നീട് വീടിന്റെ പരിസരത്ത് എത്തി കുട്ടിയെ നിര്‍ബന്ധപൂര്‍വം മദ്യം കഴിപ്പിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 'നീ ആരേയും നോക്കേണ്ട, നീ കുടിക്ക്' എന്ന് ചെറിയച്ഛന്‍ കുട്ടിയോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ ആരാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.