സന്ദീപ് വാരിയർക്കെതിരെ നടപടി; ബിജെപി വക്താവ് സ്ഥാനത്തുനിന്ന് നീക്കി
സന്ദീപ് വാരിയരെ ബിജെപിയുടെ വക്താവ് സ്ഥാനത്തുനിന്നു പുറത്താക്കി. ഇന്നു കോട്ടയത്തു ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണു തീരുമാനം. വക്താവെന്ന നിലയിലുള്ള സന്ദീപ് വാരിയരുടെ പ്രവർത്തനത്തെ സംബന്ധിച്ച് സംഘടനയ്ക്ക് ചില കാഴ്ചപ്പാടുകൾ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നീക്കിയതെന്നും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
വക്താവ് സ്ഥാനത്ത് നീക്കം ചെയ്യാനുള്ള കാരണത്തിൽ ഒദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ പാർട്ടിക്കകത്ത് പലതരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. തൃശൂരിലെ വ്യവസായിയിൽനിന്നു സന്ദീപ് വാരിയർ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുള്ള പരാതി നിലനിൽക്കുന്നുണ്ട്. അതിനനുസരിച്ച് 5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
ഇതുകൂടാതെ ഒരു സ്ത്രീ നൽകിയ പരാതിയുണ്ട്. വിദേശത്തുപോയപ്പോൾ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളും സന്ദീപ് വാരിയർക്കെതിരെ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതെ സമയം ഈ പുറത്താക്കൽ ചില മാധ്യമങ്ങൾ രാവിലെ റിപ്പോർട്ട് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തത് ചെറിയ രീതിയിൽ വിവാദത്തിലേക്ക് പോയിരുന്നു.ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനുമായുള്ള ചില ഒത്തുകളിയാണ് എന്ന രീതിയിലും മറ്റു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു