പുള്ളിപ്പുലിഭീഷണി; മൈസൂരു വൃന്ദാവൻ അനിശ്ചിതകാലത്തേക്ക് അടച്ചു

പുള്ളിപ്പുലിഭീഷണി; മൈസൂരു വൃന്ദാവൻ അനിശ്ചിതകാലത്തേക്ക് അടച്ചു

November 10, 2022 0 By Editor

മൈസൂരു: പുള്ളിപ്പുലിയുടെ സാന്നിധ്യം പതിവായതോടെ കർണാടക ശ്രീരംഗപട്ടണയിലുള്ള വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താൽമാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞമാസം 21-നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെ കണ്ടത്. ഇതിനുപിന്നാലെ നവംബർ അഞ്ചുമുതൽ ഏഴുവരെ തുടർച്ചയായ മൂന്നുദിവസങ്ങളിൽ ഉദ്യാനത്തിൽ പുലിയെത്തി. പുലിയെ ആദ്യം കണ്ട ദിവസംമുതൽ വനംവകുപ്പ് അധികൃതർ തിരച്ചിൽ നടത്തുകയും നാല് കെണികൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.

ഒന്നിലധികം പുലികൾ ഉദ്യാനപരിസരത്ത് ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ സംശയം. ഉദ്യാനത്തിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞ പുലിയുടെ ചിത്രങ്ങൾ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം. അതേസമയം, സന്ദർശകർക്ക് പരിഭ്രാന്തിയാകുമെന്നതിനാൽ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.