
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; മനോജ് എബ്രഹാമിനെതിരായ കേസ് അവസാനിപ്പിച്ചു
December 3, 2022മൂവാറ്റുപുഴ: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ വിശദമായി കേൾക്കാനും തെളിവുകൾ വിലയിരുത്താനും ആവശ്യമെങ്കിൽ കേസ് പുനഃപരിശോധിക്കാനും വിജിലൻസ് കോടതിയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് വിജിലൻസ് കോടതി ഉത്തരവ്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരൻ നായർ നൽകിയ ഹരജിയിൽ തൃശൂർ വിജിലൻസ് കോടതിയാണ് ആദ്യം കേസെടുത്തത്. വിജലൻസ് ദ്രുതപരിശോധന നടത്തി മനോജ് എബ്രഹാമിന് അനധികൃത സ്വത്തില്ലെന്ന് വിശദമാക്കുന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിനെതിരെ ഹരജിക്കാരൻ ആക്ഷേപ ഹരജി നൽകി.
വരുമാനത്തെക്കാൾ 31 ശതമാനം അധികം സ്വത്ത് മനോജ് എബ്രഹാമിന് ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. തുടർന്നായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ മനോജ് എബ്രഹാം ഹൈകോടതിയെയും പിന്നീട് കേസ് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.