ബ്രസീലിനെ അട്ടിമറിച്ച്‌ കാമറൂണ്‍ ; പക്ഷേ പ്രീക്വാർട്ടർ കാണാതെ പുറത്ത് ; പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയ ബ്രസീലിന്റെ എതിരാളികൾ

ബ്രസീലിനെ അട്ടിമറിച്ച്‌ കാമറൂണ്‍ ; പക്ഷേ പ്രീക്വാർട്ടർ കാണാതെ പുറത്ത് ; പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയ ബ്രസീലിന്റെ എതിരാളികൾ

December 3, 2022 0 By Editor

ഫിഫ ലോകകപ്പിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചെങ്കിലും കാമറൂണിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു. ജി ഗ്രൂപ്പിൽ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂൺ. സ്വിറ്റ്‍സർലൻഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു സെർബിയയെ കീഴടക്കിയതോടെ രണ്ടാം സ്ഥാനക്കാരായി സ്വിസ് പട പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ടു വിജയവും ഒരു തോൽവിയുമായി സ്വിറ്റ്സര്‍ലൻഡിന് ആറു പോയിന്റുണ്ട്.

ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയാണു ബ്രസീലിന്റെ എതിരാളികൾ. ഡിസംബർ ഏഴിന് സ്വിറ്റ്സർലൻഡ് പോർച്ചുഗലിനെയും നേരിടും. 92–ാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോൾ നേടിയത്. എന്‍ഗോം എംബെകെലിയുടെ വലതു ഭാഗത്തുകൂടിയുള്ള മുന്നേറ്റമാണു ഗോളിനു വഴിയൊരുക്കിയത്. എൻഗോം ബോക്സിലേക്കു നൽകിയ ക്രോസ് രണ്ട് ബ്രസീൽ സെന്റർ ബാക്കുകൾക്കു നടുവിൽനിന്ന് അബൂബക്കർ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. അതിവേഗത്തിൽ കുതിച്ചെത്തിയ ഹെഡർ നോക്കിനിൽക്കാനേ ബ്രസീൽ ഗോൾ കീപ്പർ എഡർസനു സാധിച്ചുള്ളൂ.

ബ്രസീലിന്റെ താരസമ്പത്ത് പ്രകടമാക്കുന്നതായിരുന്നു മത്സരം. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും ബ്രസീലിന്റെ കരുത്ത് ഒട്ടും ചോര്‍ന്നില്ല. ആന്റണിയും മാര്‍ട്ടിനെല്ലിയും ജെസ്യൂസും ആല്‍വസും റോഡ്രിഗോയും ഫ്രെഡും എഡേഴ്‌സണുമെല്ലാം അണനിരന്ന ലോകോത്തര ടീമിന് പക്ഷേ ഒത്തിണക്കം ഗ്രൗണ്ടില്‍ പുറത്തെടുക്കാനായില്ല. കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസിയുടെ തകര്‍പ്പന്‍ സേവുകളും ബ്രസീലിന് വിലങ്ങുതടിയായി.