ഭിന്നശേഷിക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: അന്വേഷണം മലപ്പുറത്തേക്ക് കൈമാറിയേക്കും
മലപ്പുറം/പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ അന്വേഷണം പരപ്പനങ്ങാടി, കോട്ടക്കൽ സ്റ്റേഷനുകളിലേക്ക് കൈമാറിയേക്കും. നിലവിൽ പേരാമ്പ്ര സ്റ്റേഷനിലെടുത്ത രണ്ട് കേസുകളിൽ പെൺകുട്ടി പരപ്പനങ്ങാടി, കോട്ടക്കൽ എന്നിവിടങ്ങളിൽ പീഡനത്തിരയായതായി പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് ഉടൻ മലപ്പുറത്തേക്ക് കൈമാറുമെന്ന സൂചന പൊലീസ് നൽകുന്നത്.
അറസ്റ്റിലായ പ്രതികൾ പരപ്പനങ്ങാടി സ്വദേശികളാണ്. ഇനി പിടികൂടാനുള്ളതും പരപ്പനങ്ങാടി ഭാഗത്തുള്ളവരാണെന്നാണ് വിവരം. മൂന്ന് പ്രതികളെയും പിടികൂടാൻ പേരാമ്പ്ര പൊലീസിന് വഴിയൊരുക്കിയത് പരപ്പനങ്ങാടി പൊലീസാണ്. കേസ് പേരാമ്പ്ര പൊലീസിന്റെ പരിധിയിലാണെന്നും അന്വേഷണചുമതല കൈമാറിയാൽ കൂടുതൽ കാര്യങ്ങൾ അറിയിക്കാമെന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ ജിനേഷ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവാകുന്നേയുള്ളൂവെന്നും അന്വേഷണം ഏത് സ്റ്റേഷനിലേക്ക് മാറ്റുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കോട്ടക്കൽ പൊലീസും അറിയിച്ചു.
പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷി യുവാവിനെ ആക്രിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു.