നയന മരിച്ചത് സ്വയം കഴുത്ത് ഞെരിച്ചെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ വിചിത്ര കണ്ടെത്തലിൽ ദുരൂഹത; തെറ്റിദ്ധരിപ്പിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് പോലീസ് കേസ് അവസാനിപ്പിച്ചതെന്ന് കുടുംബം
തിരുവനന്തപുരം: താമസിച്ചിരുന്ന മുറിക്കുള്ളിൽ നാല് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം.
ദുരൂഹതയില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് പൊലീസ് കേസ് അവസാനിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പൊലീസ് മറച്ചുവച്ചതായും നയനയുടെ സഹോദരൻ ആരോപിച്ചു. നയനയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് പുനരന്വേഷണത്തിന് തയാറെടുക്കുമ്പോഴാണ്, തെറ്റിദ്ധരിപ്പിച്ചാണ് കേസ് അവസാനിപ്പിച്ചതെന്ന കുടുംബത്തിന്റെ ആരോപണം.
അന്തരിച്ച ലെനിൻ രാജേന്ദ്രന്റെ സഹ സംവിധായികയായിരുന്നു നയന സൂര്യന്റെ (28) മരണ കാരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ ജില്ലാ ക്രൈം റിക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ. ദിനിലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതുവരെയുള്ള പൊലീസ് നടപടികളെ കുറിച്ചും തുടരന്വേഷണം വേണോ എന്നും പരിശോധിച്ചു റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.
ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വി. അജിത് കുമാർ ഇന്നലെ, കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഫയലുകൾ പരിശോധിച്ച ശേഷമാണ് അസിസ്റ്റന്റ് കമ്മിഷണറെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. കൊലപാതക സാധ്യതയുണ്ടോയെന്നാണ് വീണ്ടും അന്വേഷിക്കുന്നത്. മരണം നടന്ന് നാലു വര്‍ഷം പൂർത്തിയാകാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെയാണ് നയനയ്ക്ക് എന്തു സംഭവിച്ചുവെന്ന ചോദ്യം ശക്തമാകുന്നത്. കൊല്ലപ്പെട്ടതാകാമെന്ന സംശയം വര്‍ധിപ്പിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതാണ് അതിനു കാരണം.
കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കഴുത്തിലും അടിവയറ്റിലും പരുക്കുകളേറ്റെന്ന നിഗമനവും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിലേക്കു മാറ്റി അന്വേഷണം അവസാനിപ്പിച്ചിരുന്നു.
രോഗം മൂലമുള്ള മരണമെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. അതിനെ തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കേസ് ഫയലുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചത്. മ്യൂസിയം പൊലീസില്‍നിന്ന് ഫയലുകള്‍ വിളിച്ചുവരുത്തിയ എസിപി പരിശോധന തുടങ്ങി. അന്വേഷണത്തിലോ നിഗമനത്തിലോ വീഴ്ചയുണ്ടെന്നു കണ്ടാല്‍ പ്രത്യേകസംഘം രൂപീകരിച്ച് കേസ് വീണ്ടും അന്വേഷിക്കും. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമാകും.
അതിനിടെയാണ് മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമര്‍ശം ഉണ്ടായിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'അസ്ഫിക്സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്ന 'കണ്ടെത്തല്‍' ആണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ആര്‍.ഡി.ഓഫീസിലെ ഫയലില്‍ ഇല്ലാത്ത ഈ റിപ്പോര്‍ട്ട് ഉന്നത പോലീസ് സംഘം വീണ്ടും പരിശോധിച്ചുവരികയാണ്.
സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന അത്യപൂര്‍വമായ ഈ അവസ്ഥ പാശ്ചാത്യരാജ്യങ്ങളില്‍ പോലും വിരളമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന കാര്യത്തെ സാധൂകരിക്കാന്‍ പിന്നീട് 'അസ്ഫിക്സിയോഫീലിയ' വെച്ചുകെട്ടിയതാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നിഗമനത്തിലേക്കെത്തിയതെന്നും ഇതിനുള്ള വിദൂര സാധ്യതകള്‍ പോലുമില്ലെന്നും നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിച്ചു പറയുന്നു.