കോഴിക്കോട് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Kozhikode : ഉണ്ണികുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിലപ്പൊയിൽ തെങ്ങിന് കുന്നുമ്മൽ അർച്ചനയാണ് (15) മരിച്ചത്. നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എകരൂൽ നെല്ലുളിക്കോത്ത് പ്രസാദിന്റെയും സചിത്രയുടെയും മകളാണ്.
അർച്ചനയുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണ്. മരിച്ച അർച്ചനയും ഇളയ സഹോദരങ്ങളും അമ്മയുടെ കൂടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച ഷെഡിലാണ് താമസം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുന്ന അമ്മ സചിത്ര രാവിലെ ജോലിക്ക് പോയിരുന്നു. അച്ഛൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാണ് അർച്ചനയും സഹോദരങ്ങളും സ്കൂളിൽ പോകാറുള്ളത്.
പതിവുപോലെ ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് അച്ഛൻറെ വീട്ടിൽ നിന്ന് അർച്ചന പുറപ്പെട്ടത്. അമ്മയുടെ വീട്ടിൽ മറന്നുപോയ പുസ്തകം എടുക്കാൻ ഉണ്ടെന്ന് കുട്ടി പറഞ്ഞിരുന്നു. രാവിലെ 9 മണിയോടെ ഇവർ താമസിക്കുന്ന ഷെഡ് ആളിക്കത്തുന്നതാണ് അയൽവാസികൾ കാണുന്നത്. വെള്ളമൊഴിച്ച് തീക്കെടുത്തി അകത്ത് പ്രവേശിക്കുമ്പോഴേക്കും അർച്ചന മരിച്ചിരുന്നു.
കോഴിക്കോട് റൂറൽ എസ്.പി കറുപ്പ സ്വാമിയുടെ മേൽനോട്ടത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി .ആർ. ഹരിദാസ്, ബാലുശ്ശേരി എസ്. എച്ച്.ഒ എം.കെ. സുരേഷ് കുമാർ, എസ് .ഐ എൻ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സഹോദരങ്ങൾ: സ്നേഹദാസ് (കമ്പ്യൂട്ടർ വിദ്യാർഥി), ഹൃദിക് (നാലാം ക്ലാസ് വിദ്യാർഥി ഉണ്ണികുളം ജി.യു.പി സ്കൂൾ) ഹൃദുൽ ദേവ് (എൽ.കെ.ജി വിദ്യാർഥി ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ എകരൂൽ).