‘നിർമിതബുദ്ധി’ നിരീക്ഷണ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ചുമത്തിത്തുടങ്ങും
‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ചുമത്തിത്തുടങ്ങും. 675 എ.ഐ കാമറകളാണ് വിവിധ റോഡുകളിൽ സ്ഥാപിച്ചത്. ഇവയിൽനിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുന്നതിന് മോട്ടർ വാഹന വകുപ്പ് സർക്കാർ അനുമതി തേടി. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും.
സർക്കാർ അനുമതി ലഭിച്ചാൽ വൈകാതെ പിഴ ഈടാക്കുന്ന നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കും. കെൽട്രോൺ നേരിട്ട് സ്ഥാപിച്ച കാമറകൾ വഴി കഴിഞ്ഞ ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ കാമറയും സ്ഥാപിച്ചത്.
എ.ഐ കാമറകൾക്ക് പുറമേ, ചുവപ്പ് സിഗ്നലുകളുടെ ലംഘനം, നിയമവിരുദ്ധ പാർക്കിങ് എന്നിവ കണ്ടെത്താനുള്ളതടക്കം 725 ഗതാഗത നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് 235 കോടിയാണ് ‘സേഫ് കേരള’ പദ്ധതിയിൽ ചെലവഴിച്ചത്. കാമറ ഉപയോഗിച്ച് പിഴ ചുമത്തൽ വ്യാപകമാവുന്നതോടെ നിയമലംഘനങ്ങൾ വലിയതോതിൽ കുറക്കാനാകുമെന്നുമാണ് പ്രതീക്ഷ.
കാമറ സ്ഥാപിച്ച പ്രധാന റോഡുകളിൽ വേഗപരിധി നിശ്ചയിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതു ലംഘിക്കുന്ന വാഹനങ്ങളുടെ ദൃശ്യം കാമറകളിൽ പതിയുകയും പിഴ അടക്കേണ്ടിയും വരും.