‘തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്, മരത്തിൽ കയറാൻ പോലും അവന് അറിയില്ല’; വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം

‘തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്, മരത്തിൽ കയറാൻ പോലും അവന് അറിയില്ല’; വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം

February 14, 2023 0 By Editor

കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം. വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ദേഹത്തുണ്ടായ മുറിവുകൾ മർദനമേറ്റതാണ്. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മരത്തിൽ കയറാൻ അറിയാത്ത വിശ്വനാഥൻ എങ്ങനെയാണ് മരത്തിന് മുകളിൽ കെട്ടിത്തൂങ്ങിയതെന്ന് കുടുംബം ചോദിക്കുന്നു. ചോല വെട്ടാൻ പറഞ്ഞയച്ചപ്പോൾ മരത്തിൽ കയറാൻ പറ്റാത്തതിനാൽ വേറെ ആളെ പറഞ്ഞയച്ചയാളാണ് അനിയനെന്ന് വിശ്വനാഥന്‍റെ ജ്യേഷ്ഠൻ പറഞ്ഞു. കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയതാണ്. വിശ്വനാഥൻ ഓടുന്നത് വരെ സി.സി.ടി.വി ദൃശ്യത്തിൽ കണ്ടിരുന്നു. അതിന് ശേഷം മർദനമേറ്റിട്ടുണ്ട് -കുടുംബം പറഞ്ഞു.

പോസ്റ്റ്മോർട്ടം നടത്തുന്നത് തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി. ആർക്കും ഒപ്പിട്ട് നൽകിയിട്ടില്ല. മൃതദേഹം ഇറക്കുമ്പോഴും അറിയിച്ചിട്ടില്ല. കല്യാണം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. അതിന്‍റെ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ കാണാനാകും മുമ്പേ അവനെ കൊന്നുകളഞ്ഞുവെന്നും കുടുംബം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശ്വനാഥന്‍റെ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും കുടുംബം പറയുന്നു.

അതേസമയം, വിശ്വനാഥന്‍റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദനമേറ്റ പാടുകളൊന്നുമില്ലെന്നും ഫൊറൻസിക് സർജൻ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എ.സി.പിക്ക് മൊഴിനൽകി. കാൽമുട്ടിലും തുടയിലുമായി ആറ് ചെറിയ മുറിവുകളുണ്ട്. ഇത് മരത്തിന് മുകളിലേക്ക് കയറിയപ്പോൾ ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെയാണ് (46) ഫെബ്രുവരി 11ന് രാവിലെ മെഡിക്കൽ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനാണ് വയനാട്ടിൽനിന്ന് വിശ്വനാഥൻ എത്തിയത്. ആശുപത്രി മാതൃ ശിശു കേന്ദ്രത്തിൽ മോഷണം ആ​രോപിച്ച് ചോദ്യംചെയ്യലിന് വിശ്വനാഥൻ ഇരയായിരുന്നു. ഇതിന് പിന്നാലെ കാണാതായ വിശ്വനാഥനെയാണ് അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.