ഐഎസ്‌ ബന്ധം: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ 60 ഇടത്ത് എന്‍ഐഎ റെയ്ഡ്

ഐഎസ്‌ ബന്ധം: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ 60 ഇടത്ത് എന്‍ഐഎ റെയ്ഡ്

February 15, 2023 0 By Editor

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരെ പിടികൂടാന്‍ കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ 60 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കര്‍ണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് പുലര്‍ച്ചെ 4.03ന് കോയമ്പത്തൂര്‍ ഉക്കടത്ത് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ ഉണ്ടായ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (29) കേരളത്തില്‍ എത്തി പലരേയും കണ്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തില്‍ ഹൃദയത്തില്‍ ആണി തറഞ്ഞു കയറിയാണ് ജമേഷ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ഡ്രൈവറുടെ സീറ്റില്‍ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നില്‍ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കിടന്നിരുന്നത്.‌‌

അതിനിടെ, ജമേഷ മുബിന്‍ വിയ്യൂരില്‍ എത്തിയത് എന്‍ഐഎ കേസ് പ്രതി അംജത് അലിയെ കാണാന്‍ വേണ്ടിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്യുന്നതില്‍ പങ്കുണ്ടെന്നു കരുതുന്ന 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് ധല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍(23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മയില്‍ (27) എന്നിവരാണ് പിടിയിലായത്.

നവംബര്‍ 19ന് മംഗളൂരുവില്‍ ഉണ്ടായ ഓട്ടോറിക്ഷ സ്‌ഫോടനത്തില്‍ മുഖ്യപ്രതി ഷരീഖ് ഉള്‍പ്പെടെ രണ്ട് പേര്‍ക്കു പരുക്കേറ്റിരുന്നു. വയറുകള്‍ ഘടിപ്പിച്ച പ്രഷര്‍കുക്കര്‍ കത്തിയ നിലയില്‍ ഓട്ടോയില്‍നിന്ന് കണ്ടെത്തി. ‘ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’ എന്ന സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.