മദ്യനയ കേസ്: കവിതയും സിസോദിയയും തമ്മില്‍ രാഷ്ട്രീയ ധാരണ, ഇടനിലക്കാരന്‍ വിജയ് നായര്‍; ഇ.ഡി കോടതിയില്‍

മദ്യനയ കേസ്: കവിതയും സിസോദിയയും തമ്മില്‍ രാഷ്ട്രീയ ധാരണ, ഇടനിലക്കാരന്‍ വിജയ് നായര്‍; ഇ.ഡി കോടതിയില്‍

March 10, 2023 0 By Editor

ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ.കവിതയുടെ പേര് കോടതിയില്‍ ഉന്നയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 10 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലാണ് ഇ.ഡി ഗൂഢാലോചനയില്‍ കവിതയുടെ പങ്ക് വ്യക്തമാക്കിയത്.

ഡല്‍ഹി റോസ് അവന്യൂ പ്രത്യേക സിബിഐ കോടതി ജഡ്ജി എം.കെ നാഗ്പാല്‍ ആണ് കേസ് പരിഗണിക്കുന്നത്. റദ്ദാക്കപ്പെട്ട മദ്യനയത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സിസോദിയയുടെ സഹായി വിജയ് നായര്‍ ഇതില്‍ പങ്കാളിയാണ്. നിരവധി ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഉള്‍പ്പെടുന്ന വലിയ ശൃംഖലയാണ് ഈ കുംഭകോണം.

ബിആര്‍എസ് നേതാവ് കെ.കവിത ഈ ഗൂഢാലോചനയില്‍ പങ്കാളിയാണ്. കവിത അടങ്ങുന്ന സൗത്ത് ഗ്രൂപ്പുമായി ഗൂഢാലോചനകള്‍ നടത്തിയതും പണം കൈപ്പറ്റിയതും വിജയ് നായരാണ്. കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുചിബാബുവിന്റെ മൊഴിയും ഇ.ഡി കോടതിയില്‍ വായിച്ചു. സിസോദിയയും കവിതയും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടായിരുന്നു. കവിത വിജയ് നായരെയും കണ്ടിരുന്നുവെന്നും ബുചിബാബു മൊഴിയില്‍ പറയുന്നു.

സിസോദിയയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡി ആവശ്യം. ഇന്നലെയാണ് ഇ.ഡി സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേയാണ് ഇ.ഡി അറസ്റ്റ്. തിഹാര്‍ ജയിലില്‍ നിന്നും സിസോദിയയെ രണ്ട് മണിക്ക് കോടതിയില്‍ ഹാജരാക്കിയിരുന്നു.