പരാതിക്കാരിയോട് ലൈംഗികാതിക്രമം;: ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സർവീസിൽനിന്ന് നീക്കി
കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ.ശിവശങ്കരനെ സർവീസിൽനിന്ന് നീക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനുമാണ് നടപടി. കേരള പൊലീസ് നിയമത്തിലെ 86(3) വകുപ്പ് അനുസരിച്ചാണു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ നടപടി.
ശിക്ഷണ നടപടികളുടെ ഭാഗമായി നേരത്തേ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇൻസ്പെക്ടർ നേരിട്ടു ഹാജരായി വിശദീകരിക്കുകയും ചെയ്തിരുന്നു. ശിവശങ്കരന്റെ വാദത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. പലവട്ടം ശിക്ഷണ നടപടികൾ നേരിട്ടിട്ടും ശിവശങ്കരൻ തുടർച്ചയായി ഇത്തരം കേസുകളിൽ ഉൾപ്പെടുകയും സ്വഭാവദൂഷ്യം തുടരുകയുമാണെന്നു ഡിജിപി വിലയിരുത്തി.
2006 മുതൽ വിവിധ അച്ചടക്ക നടപടികളുടെ ഭാഗമായി നാലു തവണ സസ്പെൻഷനിൽ ആവുകയും 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗം, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ചു കടക്കൽ മുതലായ കുറ്റങ്ങൾക്കാണു നടപടി നേരിട്ടിട്ടുള്ളത്.