പത്താംക്ലാസ്സിലെ കണക്കുപരീക്ഷ എഴുതാന്‍ പെണ്‍കുട്ടി വന്നില്ല ; അന്വേഷിച്ചപ്പോള്‍ വിവാഹം, 200 പേര്‍ക്കെതിരേ ബാലവിവാഹത്തിന് കേസ്
മുംബൈ: കണക്കുപരീക്ഷ എഴുതാന്‍ വരാതിരുന്ന പെണ്‍കുട്ടിയുടെ വിവരം തിരക്കിയപ്പോള്‍ ബാലവിവാഹം കണ്ടെത്തിയതിനെ തുടര്‍ന്ന് 200 ലധികം പേര്‍ക്കെതിരേ കേസ്. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തില്‍ വിവാഹചടങ്ങിന് എത്തിവര്‍ക്കെല്ലാം എതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ എസ്എസ്‌സി പരീക്ഷ നടന്നുകൊണ്ടിരിക്കുന്നതിന് ഇടയില്‍ കണക്കുപരീക്ഷ എഴുതാന്‍ പെണ്‍കുട്ടിയെ കണ്ടിരുന്നില്ല. തുടര്‍ന്ന് ബാലാവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ഒരു പ്രവര്‍ത്തകന്‍ ചൈല്‍ഡ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ചു. പിന്നാലെ ഗ്രാമസേവക് ജ്ഞാനേശ്വര്‍ മുകഡെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതായി അറിഞ്ഞത്. 24 കാരനായ ഒരു യുവാവിന് പെണ്‍കുട്ടിയെ കെട്ടിച്ചുകൊടുക്കാന്‍ വീട്ടുകാര്‍ ആലോചിച്ച വിവാഹം നടക്കുന്ന ദിവസമായിരുന്നു.
പെണ്‍കുട്ടിയുടെയും വിവാഹത്തിന്റെയും വിവരങ്ങള്‍ മുക്‌ഡേ ചോദിച്ചെങ്കിലും വീട്ടുകാര്‍ ഇത് നല്‍കിയില്ല. ഇവര്‍ അറിയിച്ചത് അനുസരിച്ച് ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ പ്രായം ചോദിച്ചപ്പോള്‍ 16 വയസേ ആയിട്ടുണ്ടായിരുന്നുള്ളൂ. വിവാഹത്തില്‍ പങ്കെടുത്ത 150-200 അതിഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതില്‍ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1929 -ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരമാണ് ഇപ്പോള്‍ ഈ ബാലവിവാഹത്തില്‍ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയിലെ 16 ജില്ലകളില്‍ 15,000 ബാലവിവാഹങ്ങള്‍ നടന്നതായിട്ടാണ് കഴിഞ്ഞവര്‍ഷം ബോംബെ ഹൈക്കോടതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. 15,253 ശൈശവ വിവാഹങ്ങളും 6,582 പോഷകാഹാര കുറവിനെ തുടര്‍ന്നുള്ള മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.