രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

March 24, 2023 0 By Editor

ന്യൂഡൽഹി∙ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി.

കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറങ്ങിയത്.

അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രണ്ടു വർഷം തടവുശിക്ഷയാണ് രാഹുലിന് വിധിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.