തിരുവനന്തപുരത്ത് വൻ സംഘർഷം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് വൻ സംഘർഷം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

March 24, 2023 0 By Editor

തിരുവനന്തപുരം/ന്യൂഡൽഹി∙ രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിലും എംപി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംക്‌ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റു .

വിഷയത്തിൽ രാജ്യവ്യാപകമായി കോൺഗ്രസ്‌ പ്രതിഷേധം അരങ്ങേറി. ഡൽഹി വിജയ് ചൗക്കിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യം അപകടത്തിലെന്ന പോസ്റ്ററുമേന്തിയാണ് ഏതാണ്ട് എഴുപതോളം എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം തേടിയുള്ള പോസ്റ്ററുകളും മുദ്രാവാക്യം വിളികളുമാണ് മറ്റു പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഉയർത്തിയത്. മുക്കാൽ മണിക്കൂറോളം പ്രതിഷേധിച്ച അംഗങ്ങൾ പിന്നാലെ അറസ്റ്റ് വരിച്ചു. അറസ്റ്റിലായവരെ കിങ്സ് വേ പൊലീസ് ക്യാംപിലേക്കാണ് മാറ്റിയത്. അവിടെയും നേതാക്കൾ പ്രതിഷേധിച്ചു.

രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഉന്നതതല യോഗം ചേർന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, ജയ്റാം രമേശ്, രാജീവ് ശുക്ല, താരിഖ് അൻവർ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന നേതാക്കളായ ആനനദ് ശർമ, അംബികാ സോണി, മുകുൾ വാസ്നിക്, സൽമാന്‌ ഖുർഷിദ്, പവൻ കുമാർ ബൻസാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് യോഗം ആഹ്വാനം ചെയ്തത്. രാഹുൽ ഗാന്ധിക്കായി പ്രതിപക്ഷ പാർട്ടികൾ ഇറക്കിയ പ്രസ്താവനകളും യോഗം സ്വാഗതം ചെയ്തു.

രാഹുലിന്റെ ലോകസഭ മണ്ഡലമായ വയനാട്ടിലും വ്യാപക പ്രതിഷേധം അരങ്ങേറി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ ‌ബിഎസ്എൻഎൽ ഓഫിസ് ഉപരോധിച്ചു. ടി.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷം വോക്കൗട്ട് നടത്തി. രാഹുലിനെ അയോഗ്യനാക്കിയ തീരുമാനത്തിൽ ഖേദിക്കുന്നുവെന്നും അതിൽ പ്രതിഷേധിച്ച് വോക്കൗട്ട് നടത്തുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് നാന പടോലെ പ്രതികരിച്ചു.

എൻസിപിയുടെയും ശിവസേന( ഉദ്ധവ് താക്കറെ വിഭാഗം)യുടെയും എംഎൽഎമാർ നിയമസഭയിക്കു മുന്നിൽ പ്രതിഷേധിച്ചു. ബിഹാറിൽ ഭരണം കയ്യാളുന്ന മഹാസഖ്യവും രാഹുലിന് പിന്തുണയുമായി തെരുവിലിറങ്ങി. ജനതാദൾ ഒഴികെയുള്ളവരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. ഗുജറാത്തിലെ 19 ജീല്ലാ ആസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.