2027-ഓടെ ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് റിപ്പോര്‍ട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം
അന്തരീക്ഷ മലിനീകരണം തടയുന്നതിനായി 2027-ഓടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
എനര്‍ജി ട്രാന്‍സിഷന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകള്‍ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്. ഇത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നാണ് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.