വ്യാജരേഖ: വിദ്യ കോളേജില്‍ എത്തിയതിന്റെ CCTV ദൃശ്യങ്ങള്‍ ഇല്ലെന്ന് പോലീസ്, ഉണ്ടെന്ന് പ്രിന്‍സിപ്പല്‍

പാലക്കാട്: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഒളിച്ചുകളി തുടരുന്നുവെന്ന് സംശയിക്കത്തക്ക തരത്തിലുള്ള വിവരങ്ങൾ വീണ്ടും പുറത്തുവരുന്നു. അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ കെ. വിദ്യ…

പാലക്കാട്: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഒളിച്ചുകളി തുടരുന്നുവെന്ന് സംശയിക്കത്തക്ക തരത്തിലുള്ള വിവരങ്ങൾ വീണ്ടും പുറത്തുവരുന്നു. അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ കെ. വിദ്യ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച് കോളേജിന്റെ പ്രിന്‍സിപ്പലും പോലീസും പറയുന്ന കാര്യങ്ങളില്‍ വൈരുധ്യം.

വിദ്യ കാറില്‍ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ലീലാകുമാരി പറയുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നാണ് അഗളി സി.ഐ. സലീമിന്റെ പ്രതികരണം. വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങള്‍ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. എന്നാല്‍ കോളേജിലെത്തിയ പോലീസ് ആ ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകുമെന്നും അക്കാര്യത്തില്‍ വ്യക്തയില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. കോളേജിലെ സിസിടിവി ബാക്ക്അപ് അഞ്ച് ദിവസത്തേക്ക് മാത്രമുള്ളതാണെന്ന് കോളേജില്‍ തെളിവെടുപ്പിനെത്തിയ സന്ദര്‍ഭത്തില്‍ സിഐ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനാല്‍ത്തന്നെ സിസിടിവി ദൃശ്യങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിസിടിവിയ്ക്ക് 12 ദിവസത്തെ ബാക്ക്അപ് ഉണ്ടെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.

വിദ്യ ഇന്റര്‍വ്യൂവിന്റെ സമയത്ത് ഹാജരാക്കിയ വ്യാജരേഖകളുടേതടക്കമുള്ള കോപ്പികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ വ്യാജരേഖകള്‍ എവിടെനിന്നുണ്ടാക്കി എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും സിഐ കൂട്ടിച്ചേര്‍ത്തു. അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ കെ. വിദ്യയെ ആദ്യമേ സംശയിച്ചിരുന്നെന്ന് പ്രിന്‍സിപ്പല്‍ നേരത്തെ പ്രതികരിച്ചിരുന്നു. അവര്‍ നല്‍കിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അഭിമുഖം കഴിഞ്ഞ് മാര്‍ക്ക് രേഖപ്പെടുത്തുമ്പോള്‍ തന്നെ വിദ്യയെ സംശയം തോന്നിയതായും വിദ്യയെ ഫോണില്‍ വിളിച്ച് ലഭ്യമാകാതെ വന്നപ്പോള്‍ മഹാരാജാസ് കോളേജിനെ ബന്ധപ്പെടുകയും അവര്‍ നല്‍കിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. പോലീസിന് വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളേജില്‍ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല സര്‍ട്ടിഫിക്കറ്റില്‍ വിദ്യ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കോളേജിന്റെ വാദം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story