മുൻ മന്ത്രി ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

മുൻ മന്ത്രി ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

June 21, 2023 0 By Editor

കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡോ. എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നു രാവിലെ പത്തുമണി മുതൽ 12 മണി വരെ ഡി.സി.സി ഓഫിസിൽ പൊതുദർശനമുണ്ടാകും. പിന്നീട് കലൂരിലെ വസതിയിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും.

2001ലെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നാക്ക – പട്ടികക്ഷേമ മന്ത്രിയായി 2004 വരെ അദ്ദേഹം പ്രവർത്തിച്ചു. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഓരോതവണയും ഞാറക്കലിൽ നിന്ന് രണ്ട് തവണയും എം.എൽ.എയായി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം ആയിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ആയിരുന്നു. കെ.പി.സി.സി നിർവാഹ സമിതി അംഗം ആയിരുന്നു. 1980 വണ്ടൂരിൽ നിന്ന് ജയിച്ചു. 1987 ചേലക്കരയിൽ നിന്ന് ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളിൽ ഞാറക്കലിൽ നിന്ന് ജയിച്ചു. 2013 ൽ കുര്യനാട് വെച്ച് എം.എ. ജോൺ അനുസ്മരണ പരിപാടിക്കിടെ പക്ഷാഘാതമുണ്ടായി. അന്നുമുതൽ ചികിത്സയിലായിരുന്നു.

കോട്ടയം മെഡിക്കൽ കോളെജിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷം വിവിധ സർക്കാർ ആശുപത്രികളിൽ ഡോക്ടറായി സേവനം ചെയ്തിട്ടുണ്ട്. പിന്നീടാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. റിട്ടയേർഡ് അധ്യാപിക ബീബിയാണു ഭാര്യ. മക്കൾ: അജിത് പ്രശാന്ത്, അനന്തു പ്രവീൺ.