വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യയ്ക്ക് ജാമ്യം; നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തേക്കും
മണ്ണാർക്കാട്: വ്യാജരേഖ ചമച്ച കേസിൽ കെ. വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം നൽകിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് എത്തുകയും അതുവെച്ച് ജോലിതരപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. മണ്ണാർക്കാട് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രണ്ട് ആൾജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. സംസ്ഥാനം വിട്ട് പുറത്തുപോകരുത്, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. അതേസമയം, കാസർകോട്ടെ കേസിൽ നിലേശ്വരം പോലീസ് വിദ്യയെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. കരിന്തളം കോളേജിൽ വ്യാജരേഖ സമർപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നിലേശ്വരം പോലീസ് നടപടിക്കൊരുങ്ങുന്നത്.
അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റ് തന്നെ അനിവാര്യമായിരുന്നില്ലെന്നും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. നോട്ടീസ് നൽകി വിളിച്ചുവരുത്തേണ്ട നടപടിക്രമം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതുപോലും പാലിക്കപ്പെട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.