ജൂണിൽ ഇത്രയധികം മഴ കുറഞ്ഞത് 47 വർഷം മുമ്പ്; നാളെമുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. എന്നാൽ, ജൂണിൽ മഴ ലഭ്യത നന്നായി കുറഞ്ഞു. കേരളത്തിൽ കാലവർഷം പെയ്തത് 40 ശതമാനം മാത്രം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിന് ഇത്തവണ ഇതുവരെ കിട്ടിയത് 260.3 മില്ലീമീറ്റർ മഴയാണ്. 648.3 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്താണിത്. 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് ഇത്ര കുറവ് മഴ ലഭിച്ചത് 47 വർഷം മുമ്പ് 1967 ലാണ്.
ഒമ്പതു ജില്ലകളിൽ 50 ശതമാനം പോലും മഴ ലഭിച്ചില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് 50 ശതമാനത്തിന് മുകളിൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്. 22 ശതമാനം. ലഭിക്കേണ്ടിയിരുന്നത് 703.6 മില്ലീമീറ്റർ മഴയാണ്. എന്നാൽ, ലഭിച്ചതാകട്ടെ 153. 3 മില്ലീമീറ്റർ മഴയും. കോഴിക്കോട് ജില്ലയിൽ 74 ശതമാനം മഴ കുറവാണ് ജൂൺ മാസം ലഭിച്ചത്. ഇടുക്കി 71, പാലക്കാട് 67, കാസർകോട് 61, മലപ്പുറം 63, തൃശൂർ 60, പത്തനംതിട്ട 32, കോട്ടയം 59, കൊല്ലം 35, എറണാകുളം 48, കണ്ണൂർ 58, ആലപ്പുഴ 39, തിരുവനന്തപുരം 47 എന്നിങ്ങനെയാണ് ശതമാനകണക്കിലുള്ള കുറവ്.
മഴ കുറവ് സംസ്ഥാനത്തെ കാർഷിക, ജലവൈദ്യുതി മേഖലകളെ പ്രതിസന്ധിയിലാഴ്ത്തും. വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ എല്ലാം കൂടി 16 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 14 ശതമാനം ജലമേയുള്ളൂ. പമ്പ- 10, കക്കി- 12, ഷോളയാർ- 42, ഇടമലയാർ- 19, കുണ്ടള- 38, മാട്ടുപ്പെട്ടി -36, കുറ്റ്യാടി- 43, തര്യോട് -എട്ട്, ആനയിറങ്കൽ- 10, പൊൻമുടി- 12, നേര്യമംഗലം- 47, ലോവർപെരിയാർ- 61 ശതമാനം എന്നിങ്ങനെയാണ് മറ്റു ഡാമുകളിലെ ജലനിരപ്പ്.
ജൂണിൽ നഷ്ടമായ കാലവർഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളിൽ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. കേരളത്തിൽ കാലവർഷം കനിഞ്ഞില്ലെന്ന പരാതിക്ക് ഈ ആഴ്ചയോടെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്നത്. നാളെമുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.