സൈബര്‍ സഖാക്കളുടെ ആക്രമണം; അര വയസുള്ള പേരക്കുട്ടിയെ വരെ അസഭ്യം പറയുന്നെന്ന് ശക്തിധരന്‍ ; എം.എ. ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമിട്ടു

തിരുവനന്തപുരം: സി.പി.എമ്മിന്റെ ഉന്നത നേതാവ് സമ്പന്നരില്‍നിന്നു കൈപ്പറ്റിയ രണ്ടു കോടിയിലേറെ രൂപ കൈയ്തോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ദേശാഭിമാനി…

തിരുവനന്തപുരം: സി.പി.എമ്മിന്റെ ഉന്നത നേതാവ് സമ്പന്നരില്‍നിന്നു കൈപ്പറ്റിയ രണ്ടു കോടിയിലേറെ രൂപ കൈയ്തോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍.

മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ പലവട്ടം പോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴി കൊടുത്തിട്ടും നടപടിയില്ല. സൈബർ വിഭാഗത്തില്‍ പരാതി നല്‍കിയിട്ടും ഫലമില്ലെന്നും ശക്തിധരന്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് സൈബർ ആക്രമണം.

അര വയസുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ. ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമായിരുന്നു പ്രതികരണം. ഈ സാഹചര്യത്തില്‍ അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും പോസ്റ്റില്‍ ജി. ശക്തിധരന്‍ വ്യക്തമാക്കി.

ഇ.ഡിക്കും സി.ബി.ഐക്കും പരാതി നല്‍കുമെന്ന് ബെന്നി ബഹന്നാന്‍

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്കും സി.ബി.ഐക്കും പരാതി നല്‍കുമെന്ന് ബെന്നി ബഹനാന്‍ എം.പി. ഇക്കാര്യത്തില്‍ താനും കോണ്‍ഗ്രസും നിയമപരമായ എല്ലാ പോരാട്ടവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ബെന്നി ബഹനാന്‍.ശക്തിധരന്റെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ടു ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. പക്ഷേ, മറുപടി ലഭിച്ചില്ല. എം.പിമാര്‍ പരാതി നല്‍കിയാല്‍ കേന്ദ്രത്തില്‍നിന്നുപോലും വേഗത്തില്‍ മറുപടി കിട്ടും. ശക്തിധരന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന കത്തില്‍ ഡി.ജി.പി. ഭരണഘടനാപരമായ മര്യാദ കാണിച്ചില്ല.

മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പിണറായിക്ക് ആര്‍ജവമുണ്ടെങ്കില്‍ ആരോപണം നേരിടണം. അതിന് രണ്ട് ചങ്ക് വേണ്ട, വളയാത്ത നട്ടെല്ല് മതി. നക്ഷത്ര ഹോട്ടലില്‍വച്ച് രണ്ട് കവറുകളില്‍ െകെപ്പറ്റിയ പണം പാര്‍ട്ടി ഓഫീസിലേക്കും തൊട്ടടുത്തുള്ള ഫ്‌ളാറ്റിലേക്കും കൊണ്ടുപോയെന്നും വെളിപ്പെടുത്തല്‍ വന്നു. ആ ഹോട്ടല്‍കൈയ്മാറ്റത്തിനെതിരേ വി.എസ്. അച്യുതാനന്ദന്‍ സമരം നടത്തുമ്പോഴാണ് സംഭവം. വി.എസിനെ പോലും പറ്റിക്കുകയായിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയത് മാധ്യമങ്ങളല്ല, മുന്‍ ദേശാഭിമാനി ജീവനക്കാരനാണ്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇക്കാര്യത്തിലും പതിവുപോലെ മാധ്യമങ്ങളെയാണ് പഴിചാരുന്നത്.

ശക്തിധരന്റെ പോസ്റ്റില്‍ പറഞ്ഞ െടെം സ്‌ക്വയറില്‍പോയ ഏക സി.പി.എം. നേതാവ് പിണറായി വിജയനാണ്. ശക്തിധരന്‍ സൂചിപ്പിച്ച കാലത്ത് രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിനു വിധേയനായി എറണാകുളത്ത് ചികിത്സ തേടിയത് പി. ജയരാജനാണ്. ഇന്ന് മന്ത്രിയായിരിക്കുന്ന ആളും പണം െകെമാറുമ്പോള്‍ മുറിയിലുണ്ടായിരുന്നതായി പറഞ്ഞിട്ടുണ്ട്.

വിശ്വാസ്യതയില്ലാത്ത ഒരാളിന്റെ ആരോപണത്തില്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുപോയില്ല. എല്ലാം അന്വേഷിച്ചു. സി. ദിവാകരനും ഡി.ജി.പി. ഹേമചന്ദ്രനും സോളാര്‍ കമ്മിഷനെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. വസ്തുതാപരമായി നിലനില്‍ക്കാത്ത റിപ്പോര്‍ട്ടായിരുന്നു കമ്മിഷന്റേതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story