വാക്കേറ്റം, അടിപിടി; കോഴിക്കോട്ട് ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻമാർ ഏറ്റുമുട്ടി; ചികിത്സ കാത്ത് രോഗികൾ

കോഴിക്കോട് :  ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയായത്.…

കോഴിക്കോട് : ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തിൽ രോഗികളുടെ മുൻപിൽ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സർജൻമാരുടെ മുറിയിലും തുടർന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്നങ്ങൾ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടർന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു.

നെഞ്ചുവേദനയെ തുടർന്ന് എത്തിയവർ, തലകറക്കത്തെ തുടർന്ന് വന്ന കെഎസ്ആർടിസി ജീവനക്കാരൻ, കാലിനു മുറിവേറ്റു വന്ന തലക്കുളത്തൂരിലെ വീട്ടമ്മ തുടങ്ങി മുപ്പതിലേറെ പേരാണ് അത്യാഹിത വിഭാഗത്തിനു സമീപം ചികിത്സ കാത്തുനിന്നത്. ശബ്ദം കേട്ട് നോക്കുമ്പോഴും ഒരു ഹൗസ് സർജൻ മറ്റൊരു ഹൗസ് സർജനെ അടിക്കുന്നതാണ് കണ്ടതെന്ന് ഇവിടെ ഉണ്ടായിരുന്ന ബീച്ച് ആശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ പറഞ്ഞു. ഒരു ഹൗസ് സർജന്റെ ഷർട്ടു കീറിപ്പോയിരുന്നു.

പ്രശ്നം തീർക്കാനായി രോഗികൾക്കൊപ്പമെത്തിയവർ ഹൗസ് സർജൻമാരുടെ മുറിക്കുള്ളിലേക്ക് കയറാൻ നോക്കിയപ്പോൾ മുറിയിലെ ലൈറ്റ് അണച്ചു വാതിൽ അടച്ചു. ഇതോടെ ആളുകൾ അവിടേക്ക് പ്രവേശിച്ചില്ല. വലതുകാലിനു മുറിവേറ്റതിനെ തുടർന്ന് തലക്കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ തലക്കുളത്തൂരിലെ സുധയോട് അവിടെ എക്സ്‌റേ സൗകര്യം ഇല്ലാത്തതിനാൽ ബീച്ച് ആശുപത്രിയിലേക്ക് റഫർ ചെയ്തതായിരുന്നു. ഇവിടെ എത്തിയപ്പോഴായിരുന്നു അടിപിടി നടന്നത്. എക്സ്റേ എടുത്തു ഡോക്ടറെ കാണിച്ചപ്പോഴാകട്ടെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും രോഗികൾക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story