ഗുരുവായൂരപ്പന് വഴിപാടായി 28.85 ലക്ഷം രൂപയുടെ പുതുപുത്തൻ മഹീന്ദ്ര എക്‌സ്‌യുവി
ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തൻതലമുറ എക്സ്‌യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്സ്‌യുവി 700 എഎക്‌സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹനസമർപ്പണ ചടങ്ങ്. കിഴക്കേ നടയിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ഓട്ടോമോറ്റീവ് ടെക്നോളജി ആന്റ് പ്രോഡക്ട് ഡവലപ്മെന്റ് പ്രസിഡന്റ് ആർ.വേലുസ്വാമി കൈമാറി.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ് ആന്റ് പി) എം.രാധ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം അസി.മാനേജർ രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വെള്ള നിറത്തിലുള്ള ഓട്ടോമാറ്റിക് പെട്രോള്‍ എഡിഷൻ എക്സ്‌യുവിയാണിത്. രണ്ടായിരം സിസിയുള്ള വാഹനത്തിന് ഓൺ റോഡ് വില 28.85 ലക്ഷം രൂപയാകും. 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു.