ഉത്തരേന്ത്യയിൽ പേമാരിയും മണ്ണിടിച്ചിലും തുടരുന്നു; യമുനയിലെ ജലനിരപ്പ് 10 വർഷത്തിനിടെ ഏറ്റവും ഉയർന്നനിലയിൽ #northindia

ഉത്തരേന്ത്യയിൽ പേമാരിയും മണ്ണിടിച്ചിലും തുടരുന്നു; യമുനയിലെ ജലനിരപ്പ് 10 വർഷത്തിനിടെ ഏറ്റവും ഉയർന്നനിലയിൽ #northindia

July 12, 2023 0 By Editor

ന്യൂഡൽഹി: പേമാരിയും മണ്ണിടിച്ചിലും തുടരുന്ന ഉത്തരേന്ത്യയിൽ ജനജീവിതം ദുഃസ്സഹമാകുന്നു. ഹിമാചൽപ്രദേശിനെയാണ് പ്രളയദുരിതം ഏറ്റവും കൂടുതൽ ബാധിച്ചത്. മഴയിലും മണ്ണിടിച്ചിലും ഹിമാചൽപ്രദേശിൽ 31പേരാണ് മരിച്ചത്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോമരണം വീതവും റിപ്പോർട്ട് ചെയ്തു.

കാസോൾ, മണികരൺ, ഗീർ ഗംഗ, പൽഗ എന്നിവിടങ്ങളിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിൽ ഏരിയൽ സർവേ നടത്തി. കുളുവിലെ സെയ്ഞ്ച് പ്രദേശം ഒറ്റപ്പെട്ടു. 40 കടകളും 30 വീടുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി കുളുവിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷം മുഖ്യമന്ത്രി അറിയിച്ചു.

ഏകദേശം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. കഴിഞ്ഞ നാലു ദിവസമായി ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലും കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ജനങ്ങൾ യാത്രകൾ ഒഴിവാക്കണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

നദികൾ കരകവിഞ്ഞു. പത്തുവർഷത്തിനിടെ യമുനയിലെ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലെത്തിയത് ഡൽഹിയും ആശങ്ക സൃഷ്ടിച്ചു. ബുധനാഴ്ച രാവിലെ 207 മീറ്ററാണ് ന്യൂഡൽഹിയിലെ ഓൾഡ് റെയിൽവെ പാലത്തിനു സമീപം യമുനയിലെ ജലനിരപ്പെന്ന് കേന്ദ്ര ജലകമ്മിഷൻ അറിയിച്ചു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. യമുനയിലെ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ 16 കൺട്രോൾ റൂമുകൾ തുറന്നു. രക്ഷാപ്രവർത്തനത്തിനായി 50 മോട്ടർ ബോട്ടുകളും അടിയന്തര വൈദ്യസഹായവും ഏർപ്പെടുത്തി.