അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചു

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചു

July 15, 2023 0 By Editor

ന്യൂഡല്‍ഹി: തനിക്കെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്നും രണ്ടു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നതു പ്രത്യേക കാരണമൊന്നും ബോധിപ്പിക്കാതെയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുലിനെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയരംഗത്ത് പരിശുദ്ധി ഉണ്ടാവേണ്ടതുണ്ട്. കേംബ്രിഡ്ജില്‍ വീര സവര്‍ക്കറിന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്- ജസ്റ്റിസ് ഹേമന്ദ് പ്രചാരക് പറഞ്ഞു.

എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശത്തിന് എതിരെ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദഹം പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനായി. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.