
വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി തിരച്ചില്‍
July 16, 2023തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിന്‍, ഷാജി എന്നിവരാണ് കൃത്യം നടത്തിയതെന്നും ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഒന്നരവര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് സിയാദ് മരിച്ചത്. ഇതിനുശേഷം സിയാദിന്റെ പേരിലുള്ള സ്വത്തും വസ്തുവകകളും കൈയടക്കാനായിരുന്നു സിയാദിന്റെ സഹോദരങ്ങളുടെ ശ്രമമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഒന്നരമാസം മുന്‍പ് സിയാദിന്റെ സഹോദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവുമായി പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതാണ് ഞായറാഴ്ച രാവിലെ വഴക്കിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം.