ട്രാഫിക് സിഗ്നൽ ലംഘിച്ചു? വാഹനാപകടത്തിൽനിന്ന് മെസ്സി തലനാരിഴയ്ക്ക് രക്ഷപെട്ടു

മയാമി: മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേരാൻ യുഎസിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി വാഹനാപകടത്തിൽനിന്ന് നേരിയ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. മയാമിയിലെ ഒരു ട്രാഫിക് സിഗ്നലിൽവച്ചാണ് മെസ്സി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടാതെ രക്ഷപെട്ടത്. മെസ്സി സഞ്ചരിച്ചിരുന്ന വാഹനവും പൊലീസിന്റെ സുരക്ഷാ വാഹനവും ട്രാഫിക് സിഗ്നല്‍ പാലിക്കാതെ റോഡിലേക്കു കയറുന്ന വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അപ്രതീക്ഷിതമായി റോ‍ഡിലേക്കു വാഹനം കയറിയതോടെ മറ്റു വാഹനങ്ങൾ സ്ലോ ചെയ്യുകയായിരുന്നു. മെസ്സിയാണോ വാഹനമോടിച്ചതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മയാമി ക്ലബ്ബിൽ ചേരാനായി കഴിഞ്ഞ ദിവസമാണ് മെസ്സി യുഎസിലേക്കെത്തിയത്. കുടുംബത്തോടൊപ്പം ഫ്ലോറി‍ഡയിൽ വിമാനമിറങ്ങിയ മെസ്സി കഴിഞ്ഞ ദിവസം സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നതിനായി പോയിരുന്നു. സാധാരണക്കാരനെപ്പോലെ സുരക്ഷയൊന്നുമില്ലാതെ സൂപ്പർ മാർക്കറ്റിൽ ന‍ടക്കുന്ന മെസ്സിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ഞായറാഴ്ചയാണ് മെസ്സിയെ ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. സ്പാനിഷ് ക്ലബ് ബാര്‍സിലോനയിലെ മെസ്സിയുടെ സഹതാരമായിരുന്ന സെർജിയോ ബുസ്കെറ്റ്സും ഇന്റർ മയാമിയിൽ ചേരുമെന്നു വിവരമുണ്ട്. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ടാണ് ലയണൽ മെസ്സി യുഎസിലെത്തിയത്. സ്പാനിഷ് ക്ലബ് ബാർസിലോനയും സൗദി പ്ലോ ലീഗ് ക്ലബ് അൽ ഹിലാലും മുന്നോട്ടുവച്ച ഓഫറുകൾ നിരസിച്ചാണ് മെസ്സി യുഎസിലേക്കു പോയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story