തേജിന് പിന്നാലെ ബം​ഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് ; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തേജിന് പിന്നാലെ ബം​ഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് ; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

October 22, 2023 0 By Editor

തിരുവനന്തപുരം: അറബിക്കടലിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ബം​ഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബം​ഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത12 മണിക്കൂറിനിടെ അതി തീവ്രമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറും.  ഹമോൺ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റായി മാറിയ ശേഷം പശ്ചിമബം​ഗാൾ, ബം​ഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരള തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചേക്കില്ലെന്നാണ് നി​ഗമനം.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നൽ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒക്ടോബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഇന്ന്  രാത്രി 11.30 വരെ 1.6 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലകരൈ വരെ) ഇന്ന്  രാത്രി 11.30 വരെ 1.5 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.