സ്വകാര്യ ബസ് സമരം തുടങ്ങി; പരമാവധി ബസ്​ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിർദേശം

സ്വകാര്യ ബസ് സമരം തുടങ്ങി; പരമാവധി ബസ്​ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിർദേശം

October 31, 2023 0 By Editor

തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിക്കും. അതേസമയം, പരമാവധി ബസ്​ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിർദേശം നൽകി.

സംസ്ഥാനത്ത്​ എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്​. ഭാരിച്ച ദൈനംദിന ചെലവുകൾക്കു​ പുറമേ, അധിക ചെലവാണിതെന്നാണ്​ ബസുടമകൾ പറയുന്നത്​.

യാത്രക്ലേശം ഉണ്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി ബസ്​ ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാകാനിടയുണ്ട്. ഉത്തര, മധ്യ മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ബസില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കും.

ഇതിനിടെ, ഇന്നലെ കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. പൊടുന്നനെയുള്ള സമരത്തിൽ വിദ്യാർഥികളും ജീവനക്കാരുമടക്കം ആയിരക്കണക്കിനുപേർ പെരുവഴിയിലായി. കരിയാട്-കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘സീന’ ബസ് കണ്ടക്ടർ ചക്കരക്കല്ല് മൗവഞ്ചേരി സ്വദേശി എക്കാലിൽ സദാനന്ദനെ (59) പോക്സോ കേസിൽ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. പരാതി കെട്ടിച്ചമച്ചതാണെന്നും കണ്ടക്ടറെ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നുമാണ് ജീവനക്കാർ ആരോപിക്കുന്നത്.