കോഴിക്കോട് വീട്ടമ്മയെ കൊന്ന് നാടുകാണി ചുരത്തിൽ കൊക്കയിൽ തള്ളിയ സംഭവം: കൂട്ടുപ്രതി സേലത്ത് പിടിയിൽ
കോഴിക്കോട്: പണവും സ്വർണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തിൽ കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂട്ടുപ്രതി പിടിയിൽ. ഗൂഡല്ലൂർ എല്ലമല സ്വദേശി സുലൈമാനാണ് പിടിയിലായത്. തമിഴ്നാട് സേലത്തുനിന്നാണ് പ്രതിയെ കസബ പൊലീസ് പിടികൂടിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, സേലം പൊലീസുമായി വിവരങ്ങൾ കൈമാറി കസബ പൊലീസ് ഇന്നലെ ഇവിടേക്ക് യാത്ര തിരിച്ചിരുന്നു.
കേസിൽ നേരത്തേ അറസ്റ്റിലായ മലപ്പുറം താനൂർ കുന്നുംപുറം പള്ളിവീട് സമദിനെ (52) കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ഏഴാം തീയതി കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ (57) ആണ് നിലമ്പൂർ വഴിക്കടവിൽ നാടുകാണി ചുരത്തിലെ കൊക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തു മുറുകിയ അവസ്ഥയിലാണ് സൈനബ മരിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്.
അറസ്റ്റിലായ സമദിൽ നിന്നുള്ള വിവരത്തെ തുടർന്നു പൊലീസ് രണ്ടിടത്തു നിന്നായി 48,000 രൂപ കണ്ടെടുത്തു. മൂന്നര ലക്ഷം രൂപയും പതിനേഴര പവൻ സ്വർണാഭരണങ്ങളും സൈനബയുടെ ബാഗിൽ ഉണ്ടായിരുന്നുവെന്നാണ് സമദ് പൊലീസിനു നേരത്തെ നൽകിയ മൊഴി. പണവും സ്വർണവും സുലൈമാനുമായി ബന്ധപ്പെട്ട മറ്റൊരു സംഘം തട്ടിയെടുത്തെന്നാണ് പൊലീസിന്റെ നിഗമനം.
ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ് പരാതി നൽകിയതിനെ തുടർന്ന് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.