സമാന്തര യോഗം: രഞ്ജിത്തിന്റെ വാദം പൊളിച്ച് കത്ത് പുറത്ത്

സമാന്തര യോഗം: രഞ്ജിത്തിന്റെ വാദം പൊളിച്ച് കത്ത് പുറത്ത്

December 16, 2023 0 By Editor

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഭരണസമതി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നില്ലെന്ന അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ വാദം പൊളിയുന്നു. ഒന്‍പത് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതോടെ ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാന്‍ രഞ്ജിത്തും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ചേരിപ്പോര് പരസ്യമായിരിക്കുകയാണ്.

താന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണ സമിതി അംഗങ്ങള്‍ വിമത യോഗം ചേര്‍ന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ കടുത്ത നിലപാട് പരസ്യമാക്കി കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തെത്തിയത്. 9 പേര്‍ യോഗം ചേര്‍ന്ന് രഞ്ജിത്തിനെതിരെ സര്‍ക്കാരിനു കത്തയച്ചതായി സ്ഥിരീകരിച്ച ഇവര്‍ രഞ്ജിത്ത് മാടമ്പി നിലപാട് തിരുത്തുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസമാണ് 15 അംഗ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ 9 അംഗങ്ങള്‍ യോഗം ചേര്‍ന്ന് രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്.

എന്നാല്‍ ഇങ്ങനെയൊരു യോഗം ചേര്‍ന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അക്കാദമിയില്‍ ഭിന്നത ഇല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രഞ്ജിത്ത് പറഞ്ഞത്. ആ സമാന്തര യോഗത്തില്‍ പങ്കെടുത്തെന്നു പറയുന്ന കുക്കു പരമേശ്വരന്‍, സോഹന്‍ സീനുലാല്‍, സിബി കെ.തോമസ് എന്നിവര്‍ അക്കാദമി സെക്രട്ടറിയെ വിളിച്ച് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അക്കാദമിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കിയതായി രഞ്ജിത്ത് പറഞ്ഞു. എന്നാല്‍ കുക്കു പരമേശ്വരന്‍, സോഹന്‍ സീനുലാല്‍, സിബി കെ.തോമസ് എന്നിവർ അംഗങ്ങള്‍ ഓണ്‍ലൈനില്‍ പങ്കെടുത്തതായി സൂചിപ്പിക്കുന്ന മറ്റ് അംഗങ്ങളുടെ ഒപ്പോടു കൂടിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

ഫിലിം ഫെസ്റ്റിവല്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെ അക്കാദമിയിലെ താല്‍ക്കാലിക ജോലിക്കാരിയായ ശ്രീവിദ്യ അവഹേളിച്ചുവെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അക്കാദമി ചെയര്‍മാന്‍ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് കുക്കു പരമേശ്വരനോടു കാട്ടിയത്. ഫെസ്റ്റിവല്‍ ജോലികള്‍ അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ പരുഷമായ ഭാഷയില്‍ ആജ്ഞാപിക്കുകയാണ് ചെയര്‍മാന്‍ ചെയ്തതെന്നു കത്തില്‍ പറയുന്നു. കൂടാതെ അക്കാദമിക്കും സര്‍ക്കാരിനും അവമതിപ്പ് ഉണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് ചെയര്‍മാന്‍ നിരന്തരം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ചെയര്‍മാനെ തിരുത്താനോ സ്ഥാനത്തുനിന്ന് നീക്കാനോ തയാറാകണമെന്ന് അഭിപ്രായപ്പെടുന്നതായി അംഗങ്ങള്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

അതേസമയം സംവിധായകന്‍ ഡോ.ബിജുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് രഞ്ജിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ വാദങ്ങള്‍ തള്ളി കൗണ്‍സില്‍ അംഗങ്ങളായ എന്‍.അരുണ്‍, മനോജ് കാന, മമ്മി സെഞ്ചറി, ഷൈബു മുണ്ടയ്ക്കല്‍, പ്രകാശ് ശ്രീധര്‍ തുടങ്ങിയവര്‍ പ്രതിഷേധം പരസ്യമാക്കിയത്. ”ഏകാധിപതിയെ പോലെയാണ് രഞ്ജിത്ത് പെറുമാറുന്നത്. എല്ലാവരോടും പുച്ഛമാണ്. അദ്ദേഹം നടത്തുന്ന വില കുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ കൂടിയാണ് സമാധാനം പറയേണ്ടത്.മാടമ്പിത്തരം കാട്ടാന്‍ അക്കാദമി വരിക്കാശേരി മനയല്ല. ചെയര്‍മാന്‍ ആറാം തമ്പുരാനായി നടക്കുന്നതുകൊണ്ടല്ല ചലച്ചിത്രമേള നന്നായി നടക്കുന്നത്. മേളയില്‍ ഓരോ കൗണ്‍സില്‍ അംഗത്തിനുമുള്ള ചുമതല അവര്‍ ഭംഗിയായി നടത്തുന്നുണ്ട്.”- അംഗങ്ങള്‍ പറഞ്ഞു.