കെപിസിസി മാർച്ചിൽ വൻ സംഘർഷം; പ്രസംഗവേദിക്ക് നേരെ ജലപീരങ്കിയും ടിയർ ഗ്യാസും; കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം:ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാർച്ചിൽ വൻ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ നേതാക്കളിരുന്ന താൽക്കാലിക വേദിയിലേക്ക് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. ഇതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട…

തിരുവനന്തപുരം:ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാർച്ചിൽ വൻ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ നേതാക്കളിരുന്ന താൽക്കാലിക വേദിയിലേക്ക് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. ഇതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.

മാർച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ച പ്രവർത്തകർ, പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. മാർച്ച് തെരുവുയുദ്ധത്തിലേക്കു നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.

നവംബർ 18ന് കാസർകോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്നു തലസ്ഥാനത്തു സമാപിക്കാനിരിക്കെയാണ് കോൺഗ്രസ് ഇന്നു രാവിലെ പത്തിന് ഡിജിപി ഓഫിസിലേക്കു മാർച്ച് പ്രഖ്യാപിച്ചത്. സമാപന നാൾ തന്നെ പ്രതിപക്ഷ പ്രതിഷേധം കൂടി നടക്കുന്നതിനാൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കെപിസിസി ആസ്ഥാനത്തു നിന്നാരംഭിച്ച മാർച്ചിന് പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽ‌കി.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസുകാരെ കണ്ണൂർ മുതൽ ‘കൈകാര്യം’ ചെയ്തു തുടങ്ങിയതാണ് ഡിവൈഎഫ്ഐ. നവകേരള യാത്ര കൊല്ലത്തെത്തിയതോടെ യൂത്ത് കോൺഗ്രസ് തിരിച്ചടി തുടങ്ങി. നവകേരള സദസ് തലസ്ഥാന ജില്ലയിലേക്കു പ്രവേശിച്ചതിനു പിന്നാലെ തിരിച്ചടി വീടു കയറിയുള്ള അക്രമത്തിലേക്കു ഗതിമാറി.

സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചായിരുന്നു യാത്രയ്ക്കു മുഖ്യമന്ത്രിയും മന്ത്രിമാരും തുടക്കമിട്ടത്. എന്നാൽ, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റമുട്ടുന്നതിലേക്കു ജനശ്രദ്ധ മാറുന്നതാണു യാത്ര പകുതി പിന്നിട്ടപ്പോൾ മുതലുള്ള കാഴ്ച.

നവകേരള സദസ്സിന്റെ ഭാഗമായി പ്രമുഖരെ പങ്കെടുപ്പിച്ചു മുഖ്യമന്ത്രി നടത്തുന്ന പ്രഭാതയോഗം ഇന്ന് രാവിലെ 9ന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിലാണ്. തുടർന്ന് കോവളം (രാവിലെ 11), നേമം (3), കഴക്കൂട്ടം (4.30) മണ്ഡലങ്ങളിലെ സദസ്സിനു ശേഷം വൈകിട്ട് 6നു വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ നവകേരള സദസ്സ് സമാപിക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സദസ്സാണ് ഇവിടെ ഒരുമിച്ചു നടക്കുക. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നു മാറ്റിവച്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസ്സ് ജനുവരി 1,2 തീയതികളിൽ നടക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story