വണ്ടിപ്പെരിയാർ ബാലികയുടെ പിതാവിനെ കുത്തിയത് കൊല്ലാൻ തന്നെയെന്ന് എഫ്ഐആർ

വണ്ടിപ്പെരിയാർ ബാലികയുടെ പിതാവിനെ കുത്തിയത് കൊല്ലാൻ തന്നെയെന്ന് എഫ്ഐആർ

January 7, 2024 0 By Editor

ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കോടതി കുറ്റവിമുക്തനാക്കിയ പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേല്‍പിച്ച സംഭവം കൊലപാതകശ്രമമായിരുന്നുവെന്ന് എഫ്ഐആർ.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കേസിൽ കോടതി കുറ്റ വിമുക്തനാക്കിയ അർജുന്റെ ബന്ധു പാൽരാജ് ഇരയുടെ പിതാവിനെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. മനപൂർവം പ്രകോപനം സൃഷ്ടിച്ചശേഷമാണ് പാൽരാജ് ആക്രമണം നടത്തിയതെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

പ്രതി പാൽരാജിനെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. ആയുധവുമായി എത്തിയ പാൽരാജ് മനപൂർവം പ്രകോപനമുണ്ടാക്കിയെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പ്രതിക്ക് പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി പാല്‍രാജ് കയ്യില്‍ ആയുധം കരുതിയെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലും മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് പാൽരാജ് കുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

കഴിഞ്ഞ ദിവസം പശുമലമൂട് ജംഗ്ഷനില്‍വെച്ച് കുട്ടിയുടെ പിതാവും മുത്തച്ഛനും കൂടി ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അക്രമമുണ്ടായത്. ബൈക്കിൽ പോവുകയായിരുന്ന കുട്ടിയുടെ പിതാവിനും മുത്തച്ഛനും നേരെ പാൽരാജ് അസഭ്യം പറയുകയായിരുന്നു.