‘തെളിവില്ല, കുറ്റവിമുക്തയാക്കണം’; കൂടത്തായി കേസ് പ്രതി ജോളിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

‘തെളിവില്ല, കുറ്റവിമുക്തയാക്കണം’; കൂടത്തായി കേസ് പ്രതി ജോളിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

January 8, 2024 0 By Editor

ന്യൂഡല്‍ഹി: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി  സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ തെളിവില്ലെന്നാണ് ബന്ധുക്കളായ ആറ് പേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മുഖ്യവാദം. വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു.

പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ട് ആണ് വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.