സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

January 15, 2024 0 By Editor

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്‌നോ മ്യൂസിഷ്യന്‍ എന്ന് വിശേഷിക്കപ്പെട്ടു. 1994 ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ ആണ് കെ ജെ ജോയ് അവസാനമായി സംഗീതമൊരുക്കിയ ചിത്രം.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ച സംഗീത സംവിധായകനാണ്. 18-ാമത്തെ വയസ്സില്‍ എംഎസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്ര ടീമില്‍ ചേര്‍ന്നു. പള്ളികളിലെ ഗായകസംഘത്തില്‍ സംഗീത ഉപകരണങ്ങള്‍ വായിച്ചായിരുന്നു തുടക്കം.

ഇവന്‍ എന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മദാലസ, ലിസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയവ കെജെ ജോയ് സംഗീത സംവിധാനം നിര്‍വഹിച്ച സിനിമകളാണ്. 12 ഓളം ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.

കസ്തൂരി മാന്‍മിഴി, എന്‍ സ്വരം പൂവിടും, ഒരേ രാഗ പല്ലവി, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ, മറഞ്ഞിരുന്നാലും, കാലിത്തൊഴുത്തില്‍ പിറന്നവനേ തുടങ്ങിയവ കെ ജെ ജോയ് സംഗീതമൊരുക്കിയ ഹിറ്റ് ഗാനങ്ങളാണ്. സൂപ്പര്‍ താരം ജയന്റെ നിരവധി സിനിമകള്‍ക്ക് കെജെ ജോയ് സംഗീതമൊരുക്കി.