ഫെഡറല്‍ ബാങ്കിന് 1007 കോടി രൂപ അറ്റാദായം

കൊച്ചി: 2023 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 25.28 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം…

കൊച്ചി: 2023 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 25.28 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 803.61 കോടി രൂപയായിരുന്നു അറ്റാദായം.

ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റാദായം നേടാനായി എന്നതിനൊപ്പം 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ ബാങ്ക് മറികടന്നു.

"ഞങ്ങളുടെ ടീമിന്റെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി 1007 കോടി രൂപ എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായത്തോടെ സുപ്രധാനമായ നാഴികക്കല്ലു കടക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്," ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. "കഴിഞ്ഞ കലണ്ടര്‍ വര്‍ഷം തുറന്ന നൂറിലധികം ശാഖകളും ഈ വര്‍ഷം തുറക്കാനുദ്ദേശിക്കുന്ന അത്രതന്നെ ശാഖകളും ഞങ്ങളുടെ വളര്‍ച്ചയ്ക്ക് പുതിയ ഊര്‍ജ്ജം പകരുന്നതാണ്.

ഏറ്റവും ആദരിക്കപ്പെടുന്ന ബാങ്കായി മാറുക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രചോദനമാണ് കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളുമായി പുതിയ മേഖലകളിലേയ്ക്ക് വളരുമ്പോള്‍ ഞങ്ങള്‍ക്കു ലഭിക്കുന്നത്." ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 12.80 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1437.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1274.21 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.

ബാങ്കിന്റെ മൊത്തം ബിസിനസ് 18.72 ശതമാനം വര്‍ധിച്ച് 438776.39 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 201408.12 കോടി രൂപയായിരുന്ന നിക്ഷേപം 239591.16 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 168173.13 കോടി രൂപയില്‍ നിന്ന് 199185.23 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 20.39 ശതമാനം വര്‍ധിച്ച് 65041.08 കോടി രൂപയായി.

കാര്‍ഷിക വായ്പകള്‍ 26.94 ശതമാനം വര്‍ധിച്ച് 26646.60 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 25.99 ശതമാനം വര്‍ധിച്ച് 20773.55 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 14.38 ശതമാനം വര്‍ധിച്ച് 71978.41 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 8.53 ശതമാനം വര്‍ധനയോടെ 2123.36 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1956.53 കോടി രൂപയായിരുന്നു.

4628.79 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.29 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1284.37 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.64 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം.

ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 28084.72 കോടി രൂപയായി വര്‍ധിച്ചു. 15.02 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1418 ശാഖകളും 1960 എടിഎമ്മുകളുമുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story