ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമെന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമെന്ന് മുഖ്യമന്ത്രി

January 27, 2024 0 By Editor

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമാണെന്നും ഗവര്‍ണര്‍ക്ക് ആരോഗ്യപരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

”കേരളം സിആര്‍പിഎഫ് ഭരിക്കുമോ, ആര്‍എസ്എസ്സിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടാണോ അദ്ദേഹത്തിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കിയതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ല അദ്ദേഹം പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്, അദ്ദേഹം പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നു”. മുഖ്യമന്ത്രി പറഞ്ഞു

അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് നേരെ വ്യത്യസ്തമായ പ്രതിഷേധ നടപടികള്‍ ഉണ്ടാകും. അത് അവര്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നതാണ് കാര്യം. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പൊലീസ് എന്ത് കാണിക്കുന്നു എന്നറിയാന്‍ പ്രതിഷേധ സ്ഥലത്ത് ഇറങ്ങുന്നു. പൊലീസ് എന്ത് നടപടി സ്വീകരിക്കുന്നു എന്നറിയാന്‍ എഫ്‌ഐആര്‍ കാണണമെന്ന് പറയുന്നു. ഇങ്ങനെയൊക്കെ എതെങ്കിലും ഗവര്‍ണര്‍ ചെയ്തിട്ടുണ്ടോ.

മിഠായി തെരുവില്‍ ഇറങ്ങി എന്താണ് അദ്ദേഹം കാണിച്ചത്. പൊലീസിന്റെ ജോലി പൊലീസ് ചെയ്യും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയൊരു അധികാരിയെ മുമ്പ് കണ്ടിട്ടുണ്ടോ, ഗവര്‍ണര്‍ക്ക് നയപ്രഖ്യാപനം വായിക്കാന്‍ സമയം ഇല്ല. എന്നാല്‍ അദ്ദേഹത്തിന് റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്, എഫ്‌ഐആര്‍ ഇടാനും റോഡില്‍ കുത്തിയിരിക്കാം. നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവര്‍ണര്‍ നടത്തിയത് കേരളത്തോടുള്ള വെല്ലുവിളിയണെന്നും മുഖ്യമന്ത്രി പറഞ്ഞു.