നിയമസഹായം തേടിയെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; മുൻ ഗവ.പ്ലീഡറോട് കീഴടങ്ങാൻ സുപ്രീം കോടതി
ന്യൂഡൽഹി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനു കീഴടങ്ങണമെന്നു സുപ്രീംകോടതി. മുൻകൂർ ജാമ്യം തേടി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പത്തു ദിവസത്തിനകം കീഴടങ്ങണമെന്നാണു നിർദേശം. നിയമസഹായം തേടിയെടത്തിയ തന്നെ മനു കഴിഞ്ഞ ഒക്ടോബറിൽ പലതവണ പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. എന്നാൽ, തൊഴിൽ രംഗത്തെ ശത്രുക്കൾ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നാണു മനുവിന്റെ വാദം.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെ പരാതിക്കാരിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെ മനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് അതിജീവതയും കോടതിയിൽ ഹർജി നൽകിയിരുന്നു.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീടു പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.