കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സര്‍ക്കാര്‍- സതീശൻ
തൃശ്ശൂർ: പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത്…
തൃശ്ശൂർ: പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത്…
തൃശ്ശൂർ: പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്വേഷണം അവസാനിക്കുന്നതുവരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന യു.ഡി.എഫ്. വാദമുഖങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മാസപ്പടി വിവാദം ഉണ്ടാകുന്നതിന് മുന്‍പ് 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകത്തിലെ രജിസ്ട്രാര്‍ ഓഫ് കമ്പനി എക്‌സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി കാര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. സി.എം.ആര്‍.എല്‍. മാത്രമല്ല മറ്റു പല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ മാസവും പണം അയച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിധിയിലുള്ളത്.
ഒരു സര്‍വീസും നല്‍കാതെ ഈ കമ്പനിയിലേക്ക് എങ്ങനെയാണ് പണമെത്തുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. മാസപ്പടി വിവാദം വിവാദമാകുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ എക്‌സാലോജിക്കിനെ കുറിച്ച് അന്വേഷണം നടത്തിയോ എന്ന് വ്യക്തമാക്കണമെന്ന് ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മിണ്ടിയില്ല. സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും ഉള്‍പ്പെടെ എല്ലായിടത്തും അഴിമതിയാണ്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സര്‍ക്കാരെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
എട്ട് മാസത്തേക്കാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. ഇന്‍കം ടാക്‌സ് ഇന്ററിം ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനിയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും എന്തിനാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എട്ട് മാസം. കൂടിയാലോചനകൾക്ക് വേണ്ടിയാണ് എട്ട് മാസമാക്കിയിരിക്കുന്നതെന്നാണ് തങ്ങൾ സംശയിക്കുന്നത്. ലാവലിന്‍ കേസ് 39 തവണയും മാറ്റി വച്ചു. ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല.
ഇന്ത്യ മുന്നണിയെ പൊളിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബി.ജെ.പി. ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ ഒരു അന്വേഷണവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ എല്‍.ഡി.എഫ്. തകരും. തകരുമ്പോള്‍ യു.ഡി.എഫും കോണ്‍ഗ്രസുമായിരിക്കും ഗുണഭോക്താക്കള്‍. അതുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സന്ധി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.