‘എന്നാൽ എനിക്കതോർമ്മയില്ല’- ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു

മാലെ: ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു പറഞ്ഞ മുയിസു, ഇന്ത്യ കടാശ്വാസം നല്‍കണമെന്നും അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷത്തെ അവസാന കണക്കുകള്‍ പ്രകാരം 400.9 മില്യണ്‍ ഡോളറാണ് മാലദ്വീപ് ഇന്ത്യയ്ക്കു നല്‍കാനുള്ളത്. പല സമയങ്ങളിലായാണ് ഈ സഹായധനം കൈപ്പറ്റിയത്. തുക ഒരുമിച്ച്‌ തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും തിരിച്ചടവു വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നുമാണ് മാലദ്വീപിന്റെ ആവശ്യം. നിലവില്‍ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികള്‍ വേഗത്തില്‍ പൂർത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞു. ഏപ്രിലില്‍ മാലദ്വീപില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ നിലപാടു മാറ്റമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റായി അധികാരമേറ്റത്.

മേയ് പത്തിനകം മാലദ്വീപിലുള്ള 88 ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിക്കണമെന്ന് ചൈനീസ് അനുഭാവിയായ മുയിസു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ഇന്ത്യൻ പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചൈനയുമായി കരാറുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് മാലദ്വീപ് സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇന്ത്യ തങ്ങളുടെ സൈനികരെ പിൻവലിച്ചതോടെയാണ് മുയിസു നിലപാട് മാറ്റവുമായി രംഗത്തെത്തിയത്. നേരത്തെ ഇന്ത്യയെ മാറ്റിനിർത്തി ചൈനയെ സ്വീകരിച്ച ശ്രീലങ്കയുടെ അവസ്ഥ പരിതാപകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ രാജ്യം ഇപ്പോഴും അതിൽ നിന്ന് കരകയറിയിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story