പ്രതിഫലം നൽകിയില്ല; സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ പരാതി നൽകി

കൊച്ചി: ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ സംവിധായകനും രണ്ട് നിർമ്മാതാക്കൾക്കുമെതിരെയാണ് കോസ്റ്റ്യൂം ഡിസൈനറുടെ പരാതി. സിനിമയുടെ ക്രെഡിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്താതിരുന്ന നടപടി ചോദ്യം ചെയ്ത് ഡിസൈനറായ ലിജി പ്രേമൻ എറണാകുളം മുൻസിഫ് കോടതിയെയും സമീപിച്ചു.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ നിർമ്മാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർക്കെതിരെയും എറണാകുളം സിറ്റി പൊലീസിന് പരാതി നൽകി.
45 ദിവസത്തെ തൊഴിൽ കരാറിൽ രണ്ടേകാൽ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂൾ 110 ദിവസത്തേക്ക് നീണ്ടു. നിർമ്മാതാക്കളുമായുള്ള കരാർ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നൽകിയില്ലെന്നതാണ് പൊലീസിന് നൽകിയ പരാതിയുടെ ഉള്ളടക്കം.

കരാർ അനുസരിച്ച് കോസ്റ്റ്യൂം ഡിസൈൻ ജോലികളുടെ മുക്കാൽ പങ്കും പൂർത്തിയാക്കി. എന്നാൽ ചിത്രത്തിലെ ക്രെഡിറ്റ് പട്ടികയിൽ പേര് ഉൾപ്പെടുത്തിയില്ല. തന്റെ പേര് ഉൾപ്പെടുത്താതെയുള്ള ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോമിലെ റിലീസ് തടയണമെന്നാണ് ലിജി പ്രേമന്റെ ഹർജിയിലെ ആവശ്യം.

പ്രതിഫലത്തുകയുടെ ബാക്കിയായ 75,000 രൂപ തിരികെ കിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സംവിധായകന്റെയും നിർമ്മാതാക്കളുടെയും നടപടി മൂലം തനിക്ക് മാനസിക വിഷമമുണ്ടായി. ഇതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എറണാകുളം മുൻസിഫ് കോടതിയിൽ ലിജി പ്രേമൻ നൽകിയ ഹർജിയിലെ ആവശ്യം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story