കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 2 മലയാളികളടക്കം 41 പേർ മരിച്ചെന്ന് റിപ്പോർട്ട്
കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്ന് റിപ്പോർട്ട്. അൻപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികൾ ഉൾപ്പെടെ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.