
സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുടെ മരണം:ഗർഭഛിദ്രത്തിന് ശേഷവും ബലാത്സംഗം ചെയ്തു; നിർണായക കണ്ടെത്തലുമായി പോലീസ്
June 21, 2024തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്‌സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടിൽ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോർട്ട്.
അന്വേഷണ സംഘം ആവശ്യപ്പെട്ട മൂന്ന് ദിവസം പോലീസ് കസ്റ്റഡി കോടതി അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നും പോലീസ് കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമുളള പ്രതിഭാഗം വാദം കോടതി തള്ളി.